Followers

സുഹൃത്തിന്റെ വെക്കേഷനും എന്റെ സെർവറും.

Monday, June 1, 2009

സെർവർ സെർവർ എന്ന് കേട്ടിട്ടുണ്ടങ്കിലും ആ സംഭവം ഒന്ന് നേരിൽ കാണാനിതുവരെ കഴിഞ്ഞിട്ടില്ല. വളരെ നാളുകളായി മനസ്സിലിട്ട് ഓമനിച്ചിരിക്കുന്ന സെർവർ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുന്നു എന്ന ഞടുക്കുന്ന സത്യം അറിഞ്ഞത് കുറച്ചുവർഷങ്ങൾക്ക് മുൻ‌പാണ്. കുറച്ചുവർഷങ്ങൾ എന്ന് പറഞ്ഞാൽ അധികനാളൊന്നുമായിട്ടില്ല. ഒരു രണ്ട് വർഷം. കൂടിപ്പോയാൽ മൂന്ന് വർഷം.
വർഷങ്ങൾക്ക് മുൻപുള്ള ആ സുദിനത്തിലാണ് കുറച്ച് ബ്ലോഗ് പുലികൾ എന്റെ വീട്ടിൽ ഒത്തുകൂടിയത്. നാട്,വീട്,കാട്,ബ്ലോഗ് തുടങ്ങി ഒരു നൂറുകൂട്ടം കാര്യം ചർച്ച ചെയ്ത് കൊണ്ടിരുന്നതിനിടയ്ക്കാണ് ആരോ ഒരാൾ എന്റെ മോഹ സഫല്യത്തിനുതകുന്ന വിഷയമെടുത്തിട്ടത്. അതേ സെർവർ എന്ന മഹാത്ഭുതം! പോൾ ചേട്ടന്റെ വീട്ടിൽ സെർവറിൽ തട്ടാതെ നടക്കാൻ പറ്റില്ലത്രേ! പോരേ പൂരം. രോഗി ഇച്ഛിച്ചതും ബ്ലോഗർ കല്പിച്ചതും സെർവർ.
എത്രയും പെട്ടെന്ന് തന്നെ പോൾ ചേട്ടന്റെ വീട്ടിലേയ്ക്ക് പോകണം. സെർവർ കാണണം. ഉറച്ച തീരുമാനമെടുത്തു. പാറ പോലെ ഉറച്ച തീരുമാ‍നം. പക്ഷേ തീരുമാനം ജൂബിലി ഹിത്സിലെ പാറപോലെ ഉറച്ചുതന്നെ നിന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും എനിക്ക് പോൾ ചേട്ടന്റെ വീട്ടിൽ പോകാൻ പറ്റിയില്ല.ചക്കി അടുക്കുമ്പോൾ ചങ്കരൻ അടുക്കില്ല എന്നതുപോലെയായി കാര്യങ്ങൾ!

കാലം മനുഷ്യന്റെ ആഗ്രഹങ്ങളെ മറവിയുടെ കയങ്ങളിലേയ്ക്ക് തള്ളിയിടും. എന്റെ സെർവർ സ്വപ്നവും എവിടെയൊക്കെയോ മുങ്ങിപ്പോയി. എന്റെ മുങ്ങിയ സ്വപ്നവും പൊക്കിയെടുത്തുകൊണ്ടായിരുന്നു രണ്ടാഴ്ച മുൻ‌പ് ജയേഷ് എത്തിയത്. നമ്മുടെ ബ്ലോഗർ ജയേഷ്. അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരത്തിന്റെ ഒരു കോപ്പി തന്നു. മായക്കടൽ. മനോഹരമായൊരു പുസ്തകം. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന രചനകൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.

ജയേഷിന്റെ കൂടെ പോൾ ചേട്ടനും എത്താമെന്നേറ്റിരുന്നതാണ്. സമയമേറെ ആയിട്ടും കാണാനില്ല. എന്തുപറ്റി? വിളിച്ചുനോക്കി. പ്രശ്നമുണ്ട്. ഇന്നിനി വരാൻ പറ്റില്ല. സെർവർ പണിമുടക്കിയത്രേ!
എത്രയോ കാലമായി മറന്നുകിടന്നിരുന്ന സംഭവം! സെർവർ എന്ന മഹാത്ഭുതം! ദാ വീണ്ടും എന്റെ തലയ്ക്കകത്തേയ്ക്ക് ഇരച്ചുകയറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം?
“സാരമില്ല പോള് ചേട്ടാ. അടുത്ത ഞായറാഴ്ച ഞാനങ്ങോട്ട് വന്നേക്കാം.” സെർവർ കാണണമെന്ന ആഗ്രഹം മാത്രം പുറത്ത് കാണിച്ചില്ല. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സെർവർ അറിയാത്തൊരു ബുദ്ദൂസ് ജീവിച്ചിരിക്കുന്നു എന്ന് നാലാളറിഞ്ഞാൽ നാണക്കേടല്ലേ? അതുകൊണ്ട് ഞാൻ മിണ്ടിയില്ല. തികച്ചും സൗഹൃദപരമായ ഒരു സന്ദർശനം. അതു മാത്രമേ ഉള്ളൂ എന്റെ സന്ദർശന ലക്ഷ്യം!

ശനിയാഴ്ച ആയപ്പോഴേയ്ക്കും എനിക്കൊരു ഫോൺ കാൾ വന്നു. എന്റെയൊരു സുഹൃത്തിന്റേതാണ്.
“ടേ, നാളെ എന്തെങ്കിലൊമൊക്കെ പരിപാടി ഒപ്പിച്ചോളൂ. എന്റെ പെണ്ണുമ്പിള്ള വന്നിട്ടുണ്ട്. നമ്മുക്ക് ഒരു ഫാമിലി ടൂറങ്ങ് സംഘടിപ്പിച്ചേക്കാം.പോകേണ്ട സ്ഥലമൊക്കെ തീരുമാനിച്ചിട്ട് എന്നെ വിളിച്ച് പറഞ്ഞാൽ മതി.” സുഹൃത്തിന്റെ സംസാരം കേട്ടിട്ട് ഞാൻ ഹൈദ്രാബാദിന്റെ ഭൂമിശാസ്ത്രം അരച്ചുകലക്കികുടിച്ചവനാണന്ന് എനിക്ക് പോലും തോന്നിപ്പോയി. (പാവം സുഹൃത്ത്! പണ്ട് ഞാൻ ആഷയെ ചാർമിനാർ കാണിക്കാൻ കൊണ്ടുപോയ കഥ ഇദ്ദേഹത്തോട് പറഞ്ഞിട്ടില്ലന്ന് തോന്നുന്നു.)

നാട്ടിൽ പഠിക്കാൻ പോയ ഭാര്യ വെക്കേഷന് വന്നതിന്റെ സന്തോഷമാണ് സുഹൃത്തിന്! നമ്മളായിട്ട് അത് നശിപ്പിക്കാൻ പാടുണ്ടോ? ഇല്ല. ഒരിക്കലുമില്ല.
കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയുള്ളപ്പോൾ സ്ഥലം കണ്ടുപിടിക്കാനാണോ പ്രയാസം. ഓഷൻ പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു. സെർവർ മോഹം മടക്കി നാലാക്കി മനസ്സിന്റെ കോണിൽ ഒതുക്കി വെച്ചു.വിദഗ്ദാഭിപ്രായത്തിന് ഫ്ലിക്കറിലെ ആഷയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു ചോദിച്ചു.
“ഛേ... നിങ്ങളെന്ത് മണ്ടത്തരമാണീക്കാണിക്കുന്നത്? ആരെങ്കിലും ഇപ്പോ ഓഷൻ പാർക്കിൽ പോകുമോ? വേനൽക്കാലത്ത് ഭയങ്കര തെരക്കായിരിക്കും അവിടെ. വെള്ളം കാണാതെ കെടക്കുന്ന ഹൈദ്രാബാദീസെല്ലാം അവിടെ കാണും. കന്ന് കയം കാണുന്നത് പോലെയാ ഇവിടുത്തുകാർ. വെള്ളമെല്ലാം കലക്കിമറിച്ചിട്ടുണ്ടാവും. പ്രഗതി റിസോർട്ടാവും നിങ്ങക്ക് പറ്റിയ സ്ഥലമെന്ന് എനിക്ക് തോന്നുന്നു.”

“പ്രഗതി റിസോർട്ടാ? അവിടെന്താ ഉള്ളത്?”

“ഇവിടുന്ന് 10-45 കി.മീ. ഉണ്ട്. നല്ല പുൽത്തകിടി ഉണ്ട്. സ്വസ്ഥമായി ഇരുന്ന് സംസാരിക്കാവുന്ന പകൃതി രമണീയമായ അന്തരീക്ഷം.സിറ്റിയിൽ നിന്നെല്ലാം അകന്ന് ശുദ്ധവായു ശ്വസിക്കാം.”
പുൽത്തകിടിയിലിരിക്കാനാണങ്കിൽ നെക്ലസ് റോഡിലോട്ട് പോയാൽ പോരേ എന്നൊരു സംശയമുണ്ടായിരുന്നു.
പക്ഷേ തിരോന്തരം കാരിയുടെ വാക്കിനെ മുഖതാവിലെടുത്തോണ്ട് പ്രഗതി റിസോർട്ടിലോട്ട് വണ്ടി തിരിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്.
തുണിക്കടയിൽ കേറി സാരിവാങ്ങാനെത്തുന്ന പെണ്ണുങ്ങളോട് സെയിത്സ്മാന്മാർ കാണിക്കുന്ന അതേ ടെക്നിക്ക് തിരോന്തരംകാരിയും കാണിച്ചിരുന്നു.അടുക്കി അടുക്കി വച്ചിരിക്കുന്ന സാരികൾ മൊത്തമെടുത്തിട്ടാലും ഇഷ്ടപ്പെടാതിരിക്കുന്ന കസ്റ്റമറിന്റെ വീണ്ടും വീണ്ടുമുള്ള ആവശ്യത്തിനൊടുവിൽ സെയിത്സ്മാൻ പറഞ്ഞുകളയും. “മാഡം അതൊന്നും നിങ്ങക്ക് താങ്ങാൻ പറ്റുന്ന വിലയുടേതല്ല. വല്ല്യ വെലയാ.”
പിന്നെ സാരി എപ്പോൾ സഞ്ചിയിലായെന്ന് ചോദിച്ചാൽ മതി.

തിരോന്തരംകാരിയും ഏകദേശം അതേപോലെ തന്നെ പറഞ്ഞുകളഞ്ഞു.
“എനിക്ക് തോന്നുന്നത് നിങ്ങൾക്ക് പോകാൻ പറ്റുന്ന ബെസ്റ്റ് സ്ഥലം അതാണന്നാ... സിറ്റിയിലെ നല്ല നല്ല ആൾക്കാർ വരുന്ന സ്ഥലമാ.”
‘തിരോന്തരംകാരീ കീ ജയ്’. നമ്മളേയും... ഹൊ ..എനിക്ക് വയ്യ.
പോട്ടെ വണ്ടി പ്രഗതി റിസോർട്ടിലേയ്ക്ക്...

പ്രശാന്ത സുന്ദരമായ ആ ഭൂമികയും തേടി സുഹൃത്തിന്റെ വണ്ടി പാഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മനോഹാരിത പച്ചപ്പിന് വഴിമാറി. കുട്ടനാട്ടിലെ പാടങ്ങളുടെ നടുക്കുകൂടെ കിടക്കുന്ന നെടുനീളൻ റോഡുപോലെ...ഒറ്റമനുഷ്യ ജീവിയെ കാണാനില്ല വഴിയിൽ. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം റിസോർട്ടുകാർ വഴിനീളെ ബോർഡുകൾ വെച്ചിട്ടുണ്ട്. ഓരോ ബോർഡുകളും കിലോമീറ്ററുകളുടെ എണ്ണം കുറച്ചു കുറച്ച് അവസാനം വണ്ടിനിന്നു. ഈ കാട്ടുപ്രദേശത്തും ഭീകരന്മാർ വരുമോ എന്നൊരു സംശയം തോന്നി സെക്യൂരിറ്റി പരിശോധന കണ്ടപ്പോൾ. “വണ്ടി കാണാതെ ഒരു വണ്ടി കണ്ടപ്പോഴുള്ള സന്തോഷമായിരിക്കും ഇവന്മാർക്ക്.” സുഹൃത്തിന്റെ നിഗമനം തെറ്റിപ്പോയെന്ന് അകത്തോട്ട് കേറിയപ്പോൾ മനസ്സിലായി. നൂറുകണക്കിന് വണ്ടികൾ! സമാധാനമായി. ഇവിടേയും മനുഷ്യവാസമുണ്ട്. മാവും,സപ്പോട്ടയും,പേരയുമൊക്കെയുള്ള ഒരു വലിയ പാർക്കിങ്ങ് ഏരിയ. വണ്ടി ഒരു സപ്പോട്ട മരത്തിന്റെ താഴെ പാർക്ക് ചെയ്തു.

തിരോന്തരംകാരിയെ മനസ്സാസ്തുതിച്ചുകൊണ്ട് നാൽ‌വർ സംഘം അകത്തേയ്ക്ക് കുതിച്ചു. പെണ്ണുങ്ങൾ രണ്ടുപേരും വാതുക്കലെ ടാങ്കിൽ തത്തിക്കളിക്കുന്ന മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് അവിടെ തന്നെ നിന്നുകളഞ്ഞു. വാതുക്കൽ വളച്ചുകെട്ടിവെച്ചിരിക്കുന്ന മെറ്റൽഡിറ്റക്ടറിന്നടിയിലൂടെ അകത്തോട്ട് കടക്കാൻ ശ്രമിക്കുന്നതിന്നിടെ നല്ല കടും കളർ ഉടുപ്പിട്ട ഒരു ചേട്ടൻ ഓടി വന്നു.
“സാർ ടിക്കറ്റെവിടെ?”
“എന്ത്? ടിക്കറ്റോ? സുഹൃത്ത് എന്നെ നോക്കി.
എല്ലാം ഇപ്പം ശരിയാക്കാം എന്ന മട്ടിൽ ഞാൻ സുഹൃത്തിനേയും നോക്കി.
“ടിക്കറ്റെവിടെ കിട്ടും?” കളറുടുപ്പിട്ട ചേട്ടൻ ഒരു മുറിയിലേയ്ക്ക് കൈ ചൂണ്ടി.
പെണ്ണുങ്ങളപ്പോഴും മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.
“നാല് ടിക്കറ്റ്.” സുഹൃത്തിന് സമയം കളയാൻ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പെട്ടെന്നെട്...പെട്ടെന്നെട്... എന്ന മട്ടിലായിരുന്നു പുള്ളിയുടെ നിപ്പ്.
“സാർ പെർ ഹെഡ് ഒൺലി എൻ‌ട്രി ടിക്കറ്റ് 600 രൂപ. എടുക്കട്ടെ.” ഇത് അജണ്ടയിലില്ലാത്ത സംഗതിയാണന്ന മട്ടിൽ സുഹൃത്ത്.
“അല്ല.കുറഞ്ഞ ടിക്കറ്റൊന്നുമില്ലേ?” ഞാൻ
“ഇതെന്താ സാർ സിനിമാ തീയേറ്ററാ?” വരയൻ ഷർട്ടിട്ട റിസപ്ഷനിസ്റ്റ് ആളത്ര ശരിയല്ല. അവനെ കണ്ടപ്പോഴേ എനിക്കൊരു വശപ്പിശക് തോന്നിയതാ. ഞാൻ പുറകോട്ട് മാറി.
“600 രൂപയിൽ ലഞ്ച് ഇൻ‌ക്ലൂഡിങ്ങാണ് സാർ.”
“ലഞ്ച് വേണ്ടങ്കിലോ?” ഞാൻ
“വേണ്ടങ്കിലും 600.” ഇവനേത് ഭൂഖണ്ഡത്തീന്ന് വന്നവനാണന്ന മട്ടിലാ അവന്റൊരു നോട്ടം.
“ഇവനാള് ശരിയല്ല. ഇങ്ങ് പോര്.” ഞാൻ സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ചു. പുൽത്തകിടിയിൽ പോയിരിക്കാൻ 600 രൂപ! ലഞ്ചും ഫ്രീയത്രേ! നെക്ലസ് റോഡിൽ ഹുസൈൻ സാഗറിന്റെ ഭംഗിയും കണ്ടിരിക്കുന്നതിന് ഒരുത്തനും ഒരു പൈസായും കൊടുക്കേണ്ട. ആ ദുർഗന്ധം അല്പം സഹിച്ചാൽ മതി.
മനസ്സിലിരിപ്പ് പുറത്ത് കാണിക്കാതെ പെണ്ണുങ്ങളോട് കാര്യം പറഞ്ഞു. ആളൊന്നുക്ക് 600 രൂപയ്ക്ക് അകത്ത് കയറണോ?
“വേണ്ട.” ഹൊ.സമാധാനമായി. “നിങ്ങക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട. വേഗം സ്ഥലം കാലിയാക്കാം.”

തിരോന്തരം കാരിയെ വിളിച്ച് കാര്യങ്ങളറിയിച്ചു. നൂറു രൂപ ടിക്കറ്റായിരുന്നത്രേ പണ്ട്. ഫുഡ് വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? സ്വിമ്മിങ്ങ് പൂൾ വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? തുടങ്ങി കുറേ ഉപദേശങ്ങളും.
“ഛേ, വല്ല്യ വല്ല്യ ആൾക്കാർ വരുന്ന സ്ഥലത്ത് ഇത്തരം വിലപേശൽ ശരിയാണോ? അതിന്റെയൊന്നും കാര്യമില്ല.” ഞാൻ ഡീസന്റായി.

പുറത്തേക്കിറങ്ങിയപ്പോൾ ഇടത്തേവശത്തുള്ള മാഞ്ചുവട്ടിൽ ഒരാൾക്കൂട്ടം. എന്താ സംഗതി? വല്ല കിലുക്കിക്കുത്തുമാണോ? ഒന്നു നോക്കിക്കളയാം. അങ്ങോട്ടേക്ക് നീങ്ങി. മാങ്ങാക്കച്ചവടമാണ്. മാമ്പഴം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. കിലോയ്ക്ക് 15 രൂപ മാത്രം. എന്റെ കണ്ണുപുറത്തേയ്ക്ക് തള്ളിവന്നു. ജൂബിലി ഹിത്സിലെ സൂപ്പർ മാർക്കറ്റിൽ രാവിലെ കണ്ട 68 രൂപ 90 പൈസയുടെ അതേ മാങ്ങ! ഏതായാലും ഒരുവഴിയായി. കിടക്കട്ടെ കുറച്ചു മാമ്പഴം കൂടി. നാലുപേർക്ക് നാലു കിലോ മാങ്ങ വാങ്ങി.ഒറ്റക്കച്ചവടത്തിൽ ലാഭം 200രൂപയ്ക്ക് മുകളിൽ! പോരുന്ന വഴിക്കൊക്കെ മാന്തോട്ടങ്ങൾ ഒത്തിരിയുണ്ട്. അതിന്റെ മുന്നിലെല്ലാം സ്റ്റാളുകളുമുണ്ടായിരുന്നു. ഇത്രയും ലാഭമുള്ള പരിപാടിയാണന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് കുറേ മാങ്ങയുമായേ തിരിച്ചുപോക്കുള്ളു എന്നുറപ്പിച്ചു. തിരികെ വണ്ടി കിടക്കുന്ന സപ്പോട്ട മരത്തിന്റെ താഴെ എത്തിയപ്പോൾ അറിയാതൊന്ന് മുകളിലേയ്ക്ക് നോക്കിപ്പോയി. നല്ല വിളഞ്ഞ് പഴുത്ത് കിടക്കുന്ന സപ്പോട്ടകൾ! ചുറ്റുമൊന്ന് നോക്കി. സെക്യൂരിക്കാർ എങ്ങുമില്ല. ഏതായാലും ഒരുവഴിക്ക് വന്നതല്ലേ, ഒരോർമ്മയ്ക്കായി രണ്ട് മൂന്ന് സപ്പോട്ടകൾ പറിച്ച് സഞ്ചിയിലാക്കി സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മൊത്തം വണ്ടിയിലായത് പതിമൂന്നര കിലോ മാങ്ങ. സുഹൃത്ത് കണക്ക് കൂട്ടി. ഹൈദ്രാബാദ് കമ്പോളവിലയുമായ് നോക്കുമ്പോൾ മൊത്തം ലാഭം 500 രൂപ കഴിയും!
“പെട്രോളില്ലാതെ വണ്ടി ഓടിയിരുന്നേൽ ലാഭം ഇനിയും കൂടുമായിരുന്നു.” സുഹൃത്തിന്റെ ഭാര്യപറഞ്ഞത് ആഷ കേട്ടില്ലന്ന് തോന്നുന്നു. മാങ്ങാക്കച്ചവടക്കാരൻ ചേട്ടനെ മാഞ്ചുവട്ടിൽ നിർത്തി പോസുചെയ്യിച്ചെടുത്ത പടങ്ങളൊന്നും ശരിയായില്ലാന്നായിരുന്നു അവളുടെ പരാതി. ലൈറ്റിങ്ങ് ശരിയല്ലത്രേ!
“അടുത്ത വെക്കേഷനാവട്ടെ.” സുഹൃത്ത് ഭാര്യയുടെ അടുത്ത അവധിക്കായി ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങി.
ഞാനപ്പോൾ എന്റെ നഷ്ടമാകുന്ന സെർവർ സ്വപ്നവും കണ്ടുകൊണ്ട് കിടക്കുകയായിരുന്നു.

12 comments:

ശ്രീ said...

സെര്‍വര്‍ പിന്നെയായാലും കാണാമല്ലോ സതീശേട്ടാ... ഇത്രയും മാങ്ങ ചുളുവിന് തരപ്പെട്ടില്ലേ? ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:““വേണ്ട.” .സമാധാനമായി. “നിങ്ങക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട. വേഗം സ്ഥലം കാലിയാക്കാം.””

--- ആഷേച്ചിയ്ക്ക് അടിയന്തിരമായി ഒരു വെപ്പ് മീശ സംഘടിപ്പിച്ച് കൊടുക്കണം,

“ഹോ ഇങ്ങനെയുമൊരു പിശുക്കന്‍ 600 രൂപയല്ലേ എപ്പോഴുമെപ്പോഴും വരുന്നതല്ലാലോ പോട്ടേന്ന് വച്ചാപ്പോ‍രെ “ ----എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ ഒരു ജോഡി കമ്മലും

ഓടോ:ഭാഗ്യവാന്‍....:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സെര്‍വറിനെ കാണുമ്പോ രണ്ടടി പുറകിലോട്ട് നിന്നേയ്ക്കണേ. എന്താ എപ്പഴാന്നു പറയാന്‍ പറ്റില്ലാല്ലോ

:)

ഹന്‍ല്ലലത്ത് Hanllalath said...

കള്ളാ... കള്ളാ ...
സപ്പോട്ടക്കള്ളാ ..:)

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ...നല്ല രചനാ ശൈലി...

Typist | എഴുത്തുകാരി said...

എന്നിട്ടീ പതിമൂന്നര കിലോ മാങ്ങ കൊണ്ടെന്തു ചെയ്തു നാലു പേരും കൂടി?പിന്നെ മാങ്ങ തന്നെയായിരുന്നോ ഭക്ഷണം?

ശ്രീ said...

എഴുത്തു കാരി ചേച്ചീ... പിന്നെ കുറേ നാള്‍ സ്ഥിരം മാമ്പഴ വിഭവങ്ങള്‍ ആയിരുന്നിരിയ്ക്കും... മാങ്ങ അച്ചാര്‍, മാങ്ങാചമ്മന്തി, മാമ്പുളിശ്ശേരി ഒക്കെ പോരാതെ അവസാനം മാങ്ങ വറുത്തത്, പൊരിച്ചത് തുടങ്ങി മാമ്പഴ പായസം വരെ വച്ചു കാണണം ;)

ആഷ | Asha said...

എഴുത്തുകാരീ,
ഞങ്ങൾ 6 1/2 കിലോയെടുത്തു. അതിൽ നാലു തരം മാങ്ങകളായിരുന്നു. ശ്രീ പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. അതിനു ശേഷം മിക്കവാറും ദിവസങ്ങളിൽ എന്റെ ബ്രേക്ക് ഫാസ്റ്റ് മാങ്ങയായിരുന്നു. പിന്നെ മാമ്പഴപുളിശ്ശേരി (നമ്മടെ ബിന്ദു.കെ.പിടെ). പിന്നെ മാങ്ങ തീർക്കാൻ വേണ്ടി ഒരു ദിവസം മാങ്ങാഫാസ്‌റ്റിംഗും നടത്തി. :))
ഒരു വിളഞ്ഞ മാങ്ങ മാവിൽ നിന്നും നേരിട്ട് പറിച്ചു വാങ്ങിയിരുന്നു. അതു ഇന്നലെ കഴിച്ചു തീർത്തുകൊണ്ട് മാങ്ങാവീക്ക് വിജയകരമായി അവസാനിപ്പിച്ചു.

ആഷ | Asha said...

കുട്ടിച്ചാത്തന് ഇനിയെന്നെങ്കിലും കാണുകയാണെങ്കിൽ ആ കമന്റിന് എന്റെ വക സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

വേണു venu said...

എങ്കിലും സതീശേ സെര്‍വര്‍ എനിക്കും അറിയണമായിരുന്നു. ഇന്നും ബാങ്കിലെതിയപ്പോള്‍ പറഞ്ഞത് സെര്‍വര്‍ ഡൌണ്‍...:)

കുട്ടിച്ചാത്തന്‍ said...

സതീഷേട്ടോ ഇമ്മാതിരി ചെയ്ത് ചെയ്യരുത് - മറുപടി കമന്റെഴുതാന്‍ കൂലിയ്ക്ക് ആളെ വയ്ജുകയോ...ഒരു കമന്റ് ഒരു പ്രത്യേക ഐപി യ്ക്ക് മാത്രം ബ്ലോക്കാക്കാന്‍ അറീല ല്ലേ...

ഓടോ:സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങാന്‍ സന്ദര്‍ഭം ഉണ്ടാവുമെങ്കില്‍ ചാത്തന്‍ വാമഭാഗത്തിനെ കൂടെ കൂട്ടി വരൂല, (ഒരു ഗിഫ്റ്റ് ഒരുപ്രാവശ്യം മാത്രമായിട്ടു വാങ്ങുന്നതല്ലേ നല്ലത്. അഥവാ അതൊരു റെക്കറിങ് ഗിഫ്റ്റ് ആക്കുന്നില്ല...:))

Sathees Makkoth | Asha Revamma said...

മറുപടി എഴുതാൻ വൈകിയതിൽ ഖേദിക്കുന്നു. ചാത്താ ഷമീര്. കൂലിക്ക് ആളെ വെച്ചതല്ല. പോസ്റ്റിട്ട് കഴിഞ്ഞ് ഞാനിതിന്റെ പരിസരത്ത് കൂടിപ്പോലും വരുന്നില്ലന്ന് കണ്ടെഴുതിയതായിരിക്കും.
ശ്രീ ആ വക പല സാധനങ്ങളുടേയും പരീക്ഷണം നടന്നു:)
പ്രീയാ, സെർവറിനെ കണ്ടിട്ട് തീരുമാനമെടുത്താൽ പോരേ.
എഴുത്തുകാരിക്ക് മനസ്സിലായല്ലോ മാങ്ങ എന്തുചെയ്തെന്ന്... രണ്ടുദിവസം മാങ്ങാ മാത്രം ഭക്ഷണം:(
വേണുച്ചേട്ടാ ഞാൻ കണ്ടിട്ട് അറിയിക്കാം.
hAnLLaLaTh,ദീപേഷ്,
എല്ലാവർക്കും എന്റെ വക ഓരോ മാങ്ങ! നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP