Followers

കമ്മ്യൂണിസ്റ്റ്‌ പച്ച

Tuesday, July 29, 2014

കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്ക്‌ ആ പേര്‌ നൽകിയത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌! അപ്പുക്കുട്ടന്‌ ഈ സുപ്രധാന ലോകവിജ്ഞാനം പറഞ്ഞുകൊടുത്തത്‌ അഞ്ചുകണ്ണൻപുലി! സാഹസികനായ
അഞ്ചുകണ്ണൻപുലി മുള്ളുമുരിക്കിൽ കയറി തുടയിലെ തൊലിയൊക്കെ കളഞ്ഞ്‌ ഇറങ്ങിയ ദിവസമാണ്‌ ഈ അതിപ്രധാനവും എന്നാൽ അത്യന്ത രഹസ്യവുമായ ലോകവിജ്ഞാനം
പുറത്തുവന്നത്‌.എല്ലുന്തിയ നെഞ്ചും തേച്ച്‌ മുള്ളുമുരിക്കേന്ന്‌ അഞ്ചുകണ്ണനിറങ്ങിയ ദൃശ്യത്തിന്‌ അപ്പുക്കുട്ടനടക്കം അഞ്ചുകണ്ണന്റെ അനേകം ആരാധകർ ദൃക്സാക്ഷികളാണ്‌!
മുള്ളുമുരിക്കേന്നുള്ള ഇറക്കത്തിനിടയിൽ ബട്ടണില്ലാത്ത നിക്കറേലെ പിടുത്തം വിട്ടുപോയത്‌ യാദൃശ്ചികം!
ആരാധകർ കൂവി.
“മിണ്ടാതെടാ,ഇതൊക്കെ എല്ലാവർക്കും ഒള്ളതൊക്കെതന്നെയാ...” നിക്കറ്‌ വലിച്ച്‌ അരയിലേയ്ക്ക്‌ കയറ്റിക്കൊണ്ട്‌ അഞ്ചുകണ്ണൻ പറഞ്ഞു.ചോരപൊടിയുന്ന നെഞ്ചും തുടയും നോക്കി സേതു വിമ്മി വിമ്മി കരഞ്ഞു.നിക്കറിന്റെ പിടുത്തം വിടാതെ തന്നെ വലത്തെ കൈയുടെ ചൂണ്ടുവിരൽ കൊണ്ട്‌ അഞ്ചുകണ്ണൻ തുടയിലെ ചോര വടിച്ചെടുത്തു.പിന്നെ അത്‌ ചുണ്ടിന്‌ മുന്നിൽകൊണ്ടുവന്ന്‌ ഒറ്റ ഊത്‌...അപ്പൂപ്പൻതാടി കാറ്റിൽ പറത്തുന്നതുപോലെ...
“ചോര അഞ്ചുകണ്ണന്‌ പുല്ലാണ്‌...” അഞ്ചുകണ്ണന്റെ വാക്കുകൾ കേട്ട്‌ ആരാധകർ കൈയടിച്ചു.സേതു അപ്പോഴും കരയുന്നുണ്ടായിരുന്നു.
അഞ്ചുകണ്ണൻ തോട്ടിറമ്പിലെ കുറ്റിക്കാട്ടിലേയ്ക്ക്‌ നടന്നു.ആരാധകർ പുറകേയും.
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇല പിഴിഞ്ഞ്‌ അഞ്ചുകണ്ണൻ മുറിവിലെല്ലാം പുരട്ടി.അതിനുശേഷമാണ്‌ അഞ്ചുകണ്ണൻ ആ പരമപ്രധാനമായ വിവരം പുറത്തുവിട്ടത്‌!
കമ്മ്യൂണിസ്റ്റുകാർ പണ്ട്‌ ഒളിച്ചിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പച്ചക്കാട്ടിനുള്ളിലാണ്‌! അതിന്‌ രണ്ടുണ്ട്‌ കാരണം.
ഒന്ന്‌: പോലീസിന്റെ കണ്ണുവെട്ടിക്കൽ.
രണ്ട്‌:പോലീസുമായ്‌ ഏറ്റുമുട്ടി മുറിവേറ്റാൽ എളുപ്പം ഇല പിഴിഞ്ഞ്‌ മുറിവിൽ പെരട്ടാം.
കമ്മ്യൂണിസ്റ്റുകാർക്ക്‌ മുറിവ്‌ പുല്ലാണ്‌...ചോര പുല്ലാണ്‌...പോലീസും പുല്ലാണ്‌...
അഞ്ചുകണ്ണൻപുലിക്കും ഇതെല്ലാം പുല്ലാണ്‌!
സേതു ചിരിച്ചു.
അപ്പോഴത്തേക്കും അച്ഛന്റെ വിളിവന്നു.മുടിവെട്ടാൻ പോകാൻ.ഗോപാലിയുടെ അടുത്ത്‌ മുടിവെട്ടാൻ പോകാൻ അപ്പുക്കുട്ടനിഷ്ടമല്ല. ഗോപാലിക്ക്‌ പിള്ളാരെ ഒരു ബഹുമാനവുമില്ല.അച്ഛനെ കറങ്ങുന്ന കസേരയിലിരുത്തും. അപ്പുക്കുട്ടനെ  തടിക്കസേരയുടെ കൈയിൽ ഒരു പലകയിട്ട്‌ അതിലും.പൊക്കക്കൊറവാണുപോലും...അച്ഛനങ്ങനാണ്‌ പറഞ്ഞത്‌.
അഞ്ചുകണ്ണൻ പറഞ്ഞത്‌ ഗോപാലി കമ്യൂണിസ്റ്റല്ലെന്നാണ്‌. അതാണ്‌ വേർതിരിവ്‌... സമത്വമില്ലന്നാണ്‌ അവൻ പറഞ്ഞത്‌.
അച്ഛന്റെ മുടിവെട്ടിക്കഴിഞ്ഞ്‌ ഷേവ്‌ ചെയ്യുന്നത്‌ കാണാൻ നല്ല രസമാണ്‌. പഞ്ഞി ഒട്ടിച്ചതുപോലെ തോന്നും മുഖത്ത്‌ സോപ്പ്‌ തേച്ച്‌ പതപ്പിച്ചുകഴിയുമ്പോൾ...അച്ഛൻ ഭയങ്കര
ഗമയിലങ്ങനിരിക്കും.ഗോപാലി ആ സോപ്പ്‌ പത കത്തികൊണ്ട്‌ വടിച്ച്‌ കൈയേൽ തേക്കും.പിന്നെ കൈയേന്ന്‌ വടിച്ച്‌ ഒരു കടലാസിലേക്കും.മുഖം നല്ല മിനുസമായിക്കഴിഞ്ഞ്‌ ഒരു
വെള്ളക്കല്ലുകൊണ്ട്‌ തേക്കും. അതിന്‌ നല്ല കർപ്പൂരത്തിന്റെ മണമാണ്‌.അച്ഛൻ മുടിവെട്ടിക്കുമ്പോ മാത്രേ ഗോപാലിയെക്കൊണ്ട് ഷേവ് ചെയ്യിക്കൂ. അല്ലാത്തപ്പം വീട്ടിൽ. ചിലപ്പോഴൊക്കെ അപ്പുക്കുട്ടൻ സഹായിക്കും. സേതുവും സഹായിക്കും.അവള്‌ കണ്ണാടി പിടിച്ചു കൊടുക്കും. അപ്പുക്കുട്ടൻ സോപ്പ് തേച്ച് കോടുക്കും.ബ്ളേഡുകൊണ്ട് രോമം മുറിക്കാൻ അച്ഛൻ സമ്മതിക്കില്ല.പിള്ളാരു ചെയ്താൽ മുഖം മുറിയുമെന്നാ അച്ഛൻ പറയുന്നത്.ഇച്ചിരി മുഖം മുറിയുന്നതിന്‌ അച്ചന്‌ പേടി...അഞ്ചുകണ്ണന്റെ തൊടേം നെഞ്ചുമെല്ലാം മുറിഞ്ഞിട്ടും ‘എല്ലാം പുല്ല്‌!’
അല്ലേലും ഈ വലിയവരെല്ലാം പേടിച്ചുതൂറികളാ..
അപ്പുക്കുട്ടനെ ഷേവ് ചെയ്യത്തില്ല.മുടിമാത്രം വെട്ടും.കിട്...കിട്...എന്ന് ശബ്ദമുണ്ടാക്കുന്ന തവളപോലത്തെ ഒരു മെഷീനുണ്ട്...അതുകൊണ്ട് തലേടെ പൊറകില്‌ പിടിക്കുമ്പോ മുടി
പറിയും.കരയാമ്പറ്റില്ല. കരഞ്ഞാൽ ഗോപാലി കഴുത്ത് ചുറ്റിയിരിക്കുന്ന വലിയ തുണിയുടെ അറ്റം ചേർത്ത് പിടിച്ച് പറയും.“ഞാനിതേപിടിച്ച് ഒരു വലിയങ്ങട് വലിച്ചാലേ നെന്റെ കഴുത്ത് മുറുകി ശ്വാസം മുട്ടും പറഞ്ഞേക്കാം.”
കൂറ തുണിയുടെ മണമടിച്ചാലേ ശ്വാസം മുട്ടും.അതിന്റെ കൂടെ ഭീഷണിയും. അഞ്ചുകണ്ണനോട് പറഞ്ഞ് ഗോപാലിയെ കമ്യൂണിസ്റ്റുകാരെക്കൊണ്ട് ഇടിപ്പിക്കണം.അപ്പുക്കുട്ടൻ വിചാരിച്ചു.
മുടിവെട്ടിക്കഴിഞ്ഞ് കഴുത്തേലെ തുണിയെല്ലാം അഴിച്ച്  ഗോപാലി പറഞ്ഞു.“ഇത്തിരിപ്പോന്ന പയ്യനാ, പക്ഷേ എവന്റെ മുടി കാടുപോലെയാ...കാശുകൂട്ടണം.”
“എങ്കീ എനിക്ക് ഷേവുകൂടെ ചെയ്തു താ.” അപ്പുക്കുട്ടൻ പറയുന്നത് കേട്ട് അച്ഛൻ ചിരിച്ചു.
“ദേ പൊയ്ക്കോണം...മീശ പോലും മൊളച്ചില്ല. അതിനുമുന്നേ...”ഗോപാലി കൂറത്തുണി അപ്പുക്കുട്ടന്റെ നേരേ വീശി.വിയർപ്പിന്റേം, മുടിയുടേം ഗന്ധമുള്ള ആ തുണിയുടെ മണം
സഹിക്കാതെ അപ്പുക്കുട്ടനിറങ്ങി ഓടി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ അലക്കുകല്ലിന്റടുത്ത് ഒരു ബഹളം. അമ്മയാണ്‌. പുതിയ 501 ബാർ സോപ്പ് കാണുന്നില്ല.
“വന്നുവന്ന് സോപ്പു പോലും പുറത്ത് വെയ്ക്കാൻ പറ്റില്ലന്നായി...ഈ കള്ളന്മാരുടെ ഒരു ശല്യമെന്റെ ദൈവമേ...”
“സോപ്പുകഷണോം കൊറേ ബ്ളെയിഡുമെല്ലാം തെങ്ങിഞ്ചോട്ടിലുണ്ടമ്മേ...” സേതു അമ്മയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ്‌.
“അപ്പുക്കുട്ടനെവിടെ?” അച്ഛൻ ഷേവിംഗ് സെറ്റ് വെച്ചിരുന്ന പ്ലാസ്റ്റിക് കവറുമായി പുറത്തുവന്നു.
അപ്പുക്കുട്ടനപ്പോൾ വടക്കേപ്പറമ്പിലെ കമ്യൂണിസ്റ്റ് പച്ചകൾക്കിടയിലായിരുന്നു.

10 comments:

ശ്രീ said...

പിന്നല്ലാതെ. എപ്പഴും മറ്റുള്ളോരെ ആശ്രയിയ്ക്കാന്‍ പറ്റ്വോ? :)

പട്ടേപ്പാടം റാംജി said...

ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.

ajith said...

ആ തവള പോലത്തെ മെഷീനെ എന്തൊരു പേടിയായിരുന്നു അന്നൊക്കെ.!

ഫൈസല്‍ ബാബു said...

ഹഹഹ ക്ലൈമാക്സ് കലക്കിട്ടോ :) ..ഓര്‍ത്തെടുക്കാന്‍ എന്തൊക്കെരസം അല്ലെ ..
-----------------
ആദ്യമായാണ്‌ ഇവിടെ വീണ്ടും വരാം ,

vettathan said...

ആ അവസാനം നന്നായി.

Cv Thankappan said...

നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഒരുനാള്‍
എന്‍റെ കൊച്ചുമോനും ഷേവിംഗ് സെറ്റെടുത്ത് ഇത്തരം പരീക്ഷണം നടത്തി അക്കിടിയില്‍ പെട്ടിട്ടുണ്ട്.......
ആശംസകള്‍

Sudheer Das said...

കൊള്ളാം. നന്നായിട്ടുണ്ട്.

Sathees Makkoth said...

ശരിയാണ്‌ ശ്രീ. നന്ദി ആദ്യ കമന്റിന്‌
പട്ടേപ്പാടം റാംജി:നന്ദി
ajith : അത​‍ൂരു പേടി തന്നെയായിരുന്നു:)

ഫൈസൽ ബാബു: സ്വാഗതം.വീണ്ടും വരിക.

vettathan g: നന്ദി.

Cv Thankappan: തങ്കപ്പേട്ടാ,പിള്ളേർക്ക് എപ്പോഴും കൗതുകമാണ്‌!

സുധീർദാസ്‌: നന്ദി.

Vineeth M said...

ഞാന്‍ തന്റെ എന്റെ പരീക്ഷണ വസ്തുവാകുന്ന ലക്ഷണമാ...............

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP